08 July 2010

മഴക്കാല വേഷം



മുന്‍പ് ഒരഭിമുഖത്തില്‍ കമല്‍ ഹാസന്‍ പറഞ്ഞതോര്‍ക്കുന്നു. എറന്നാകുളത്ത് വന്നാല്‍ ഇപ്പോള്‍ മുണ്ടുടുത്തു നടക്കുന്ന ഒരാളേയും കാണാനാകുന്നില്ലെന്ന്… മലയാളികള്‍ സംസ്കാരം വിട്ടൊഴിയുന്നതിന്റെ ഒരു സൂചനയായിട്ടായിരുന്നു അത് പറഞ്ഞത്. കേരളത്തിലെ മിനി ഗള്‍ഫാണു ചാവക്കാട്.ഒരിക്കല്‍ പ്രവാസ ജീവിതം ഒഴിവാക്കി വന്ന രണ്ടു സുഹൃത്തുക്കള്‍ അനശ്വര റഷീദിക്കയും ഹാരീസ്ക്കയും നാട്ടുകള്‍ക്ക് വന്ന മാറ്റം പറയുകയായിരുന്നു.അന്നൊക്കെ ആരെങ്കിലും പാന്‍സിട്ടാല്‍ അതാണു വാര്‍ത്ത. അവരെ തിരക്കി വന്നാല്‍ ചോദിക്കുന്നത് തന്നെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കൗതുകകരമാണു… ഒരു പാന്റിട്ട ആള്‍ ഇതുവഴി പോകുന്നത് കണ്ടൊ എന്നായിരിക്കും..!!
കേരളത്തിലെ ഗ്രാമീണനു മുണ്ടും ചെരിപ്പുമൊക്കെ തന്നെയാണു ധരിക്കാന്‍ നല്ലതെന്നത് പ്രകൃതിയുടേയും നിയമമാണോ?
കിലോമീറ്റര്‍ അകലത്തിലെ ഇടവഴികളിലെ മുട്ടോളം ഉയരത്തിലെ വെള്ളം താണ്ടി ഷൂസും പിടിച്ച് മഴക്കാലം തീരുന്നത് വരെ നടക്കാനാകുമൊ?
കാലാവസ്ഥയാണല്ലൊ ഒരു രാജ്യത്തെ ജനതയുടെ വേഷം തീരുമാനിക്കുന്നത്… ഈ റ്റൈയും കോട്ടും സോക്സും പാന്റ്സുമൊക്കെ തണുപ്പിനെ അതിജീവിക്കാനായിരുന്നല്ലൊ…
അറബികളുടെ വേഷവും നോക്കുക… അവര്‍ ഷൂസ് ധരിക്കാറില്ല… അവരുടെ പൈതൃകമായ വേഷം ഇന്നുമവര്‍ ധരിക്കുന്നു… പനയോലവള്ളികൊണ്ട് തലയില്‍ കെട്ടിയതിനു പകരം കറുത്ത വട്ട് ആയി എന്നേയുള്ളു… കാശ്മീരിലും ഊട്ടിപോലെ തണുത്ത പ്രദേശത്തും മാത്രമാണു ഇന്ത്യയില്‍ കാലവസ്ഥയ്ക്കനുസരിച്ച വേഷം ധരിക്കുന്നത് എന്നാണു തോന്നുന്നത്…
എന്നാല്‍ നമുക്ക് എല്ലാ കാലാവസ്ഥകളിലും ഒരേവേഷമാണുള്ളത്….
അതു കൊണ്ടു തന്നെ എന്റെ ഒരു സുഹൃത്ത് ഗള്‍ഫില്‍ വെച്ചു പറഞ്ഞത് ഓര്‍മ്മ വരുന്നു. പാക്കിസ്ഥാനികള്‍ക്കും പഞ്ചാബികള്‍ക്കും അറബികള്‍ക്കുമൊക്കെ അവരുടേതായ ഒരു വേഷമുണ്ട്… എന്നാല്‍ വേഷം കൊണ്ട് തിരിച്ചറിയാത്ത ഒരേ ഒരു വിഭാഗം മലയാളികള്‍ മാത്രമാണെന്ന്…!!

1 comment:

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍