17 June 2009

മഴയും ഖാജയും

'' ഴ..!!''
'' മഴയെ പോലെ ഞാന്‍ വെറുക്കുന്ന ഒന്നുമില്ല, ഈ ദുനിയാവില്‍....!!''
ഖാജ ബഹാര്‍ അബ്ബാസിന്റെ കണ്ണുകളില്‍ അഗ്നിയുടെ നാമ്പുകള്‍ ...
വാക്കുകളില്‍ ഉയര്‍ന്ന അമര്‍ഷം മഴയോടായിരുന്നില്ലെന്ന് വ്യക്തം...
കാരണം അയാള്‍ എന്റെ മുഖത്ത് നോക്കിയല്ല അങ്ങനെ പറഞ്ഞത്...
മഴനനഞ്ഞ് കയറി വന്ന എന്നെ ബാപ്പ ശകാരിച്ചപ്പോള്‍ തടഞ്ഞു കൊണ്ട് അന്ന് ബഹാര്‍ ഖാജ ഒരു കവിതാ ശകലം ചൊല്ലിയത് ഇന്നും ഓര്‍ക്കുന്നു...

''മഴപോലൊരനുഗ്രഹം തന്നില്ലീശനിന്നോളം''

മഴയോളം അനുഗ്രഹമായിട്ടെന്താ..അല്ലെ..?

'' ആ അനുഗ്രഹവേളയില്‍ പ്രാര്‍ത്ഥിച്ചാല്‍ പോലും സാഫല്യം കിട്ടുമെന്നല്ലെ..നബി പറഞ്ഞിട്ടുള്ളത്...!!''

ബാല്യത്തിലെ ആ മഴയും കവിതയും ഓര്‍മ്മിപ്പിച്ചപ്പോള്‍ ഖാജ ഒന്നു ദീര്‍ഘാമായി ശ്വസിച്ചിട്ട് താടിരോമമുഴിഞ്ഞു...
കൂടുതല്‍ ചോദിച്ചാല്‍ എഴുന്നേറ്റ് സ്ഥലം വിടുമോ എന്ന് കരുതി ഞാന്‍ പിണക്കമഭിനയിച്ചു.

''മനുഷ്യന്‍ കെട്ടിയിട്ട മൃഗങ്ങളും മന്‍ഷ്യനും മാത്രമെ മഴവന്നാല്‍ കരയാറുള്ളു...
മറ്റെല്ലാജീവികളും അതാഘോഷിക്കുയാണു...എത്രപെയ്താലും....
അവിടെ പട്ടിണിയില്ലേ...? പരിഭവമില്ലേ...?''

'' പക്ഷെ മഴ വന്നില്ലെങ്കില്‍ നിത്യമായി ദുരിതത്തിലാകുമെന്ന അവറ്റകള്‍ക്കറിയാം.''

'' എനിക്ക് മനസ്സിലാകുന്നില്ല....!!
മഴയെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട്....പിന്നെ...ഇങ്ങനെ...?''

''ഞാന്‍ പറഞ്ഞത് എനിക്ക് ഇഷ്ടമല്ല എന്നാണു....'
എല്ലാവരുടേയും കാര്യമല്ല.....മഴയത്തിരുന്ന് ഭക്ഷണം കഴിക്കാനാവില്ല.... കിടന്നുറങ്ങാനും.''

'' എന്നും മഴനനയുന്നവര്‍ക്ക് അതൊരാഘോഷമാക്കാനാകില്ല.കയറിനില്‍ക്കാന്‍ ഒരിടം വേണം.... മഴ കണ്ടു കണ്ടുകൊണ്ടിരിക്കാന്‍....''

'' ചോരുന്ന കുടിലുകളില്‍ പാത്രം വെച്ച് ഉടുത്തുണി പുതപ്പാക്കി നീണ്ട് നിവര്‍ന്ന് കിടക്കാനാകാതെ മക്കളേയും മടിയില്‍ കിടത്തി ചിമ്മിനി വിളക്കിന്റെ അഗ്നിനൃത്തം നോക്കി....പാത്രത്തില്‍ വീഴുന്ന താളമില്ലാത്ത സംഗീതവുംകേട്ട് നിദ്രാവിഹീനരായിരിക്കുന്നവരോട് ചോദിക്കാമായിരുന്നില്ലേ മഴയെക്കുറിച്ച്...??'''

'' അവരെ മറന്നു, നമുക്കാഘോഷിക്കാം...അല്ലെ..?.......??!!''

ഖാജയുടെ കണ്ണുകളിലെ അഗ്നി അമര്‍ന്ന് മഴപെയ്യാന്‍ തുടങ്ങുമൊ...
ഒരു വിഢി ഒന്നും മനസ്സിലാകാതെ എല്ലാം മനസ്സിലായെന്ന് കരുതാന്‍ ചിരിക്കുന്നത് പോലെ ഞാനും ചിരിച്ചു അപ്പോള്‍..

1 comment:

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍