17 June 2009

ഒരു കമ്പിയും ഖാജയും

അങ്ങാടിയില്‍ നിന്നു അലപം നടക്കണം എന്റെ വീട്ടിലേയ്ക്ക്.. ഇടതിങ്ങിയ തെങ്ങിന്‍ തോപ്പിലൂടെ...അതിനിടയില്‍ നാലോ അഞ്ചോമീറ്റര്‍ മാത്രം വീതിയുള്ള ചെറിയൊരു അരുവി ഞങ്ങള്‍ (തോടെന്ന് പറയുന്നു) മുറിച്ചു കടക്കാന്‍ മരപ്പാലം.മരപ്പാലം എന്നാല്‍ കടലില്‍ വന്നണഞ്ഞ നീണ്ട് വണ്ണം കൂടിയ ഉരുവിന്റെ പാമരം.ഇത് ടാറിലിട്ട് പുഴുങ്ങിയതാണത്രെ... നശിക്കാതിരിക്കാന്‍... രണ്ട് മരം കൂട്ടിക്കെട്ടിയാണു പാലമാക്കിയിരിക്കുന്നത്...
വളരെ ശ്രദ്ധിച്ചുവേണം നടക്കണമെങ്കില്‍... മറ്റൊരു സുരക്ഷാ സഹായിയൊന്നുമില്ല...
ആ പാലത്തില്‍ നിന്ന് വീഴാത്ത ഒരാളേയുള്ളു... അത് ഖാജ ബഹാര്‍ അബ്ബാസ് മാത്രമാണു.മാസത്തിലൊരിക്കല്‍ വീഴാന്‍ ആരോ നേര്‍ച്ചനേര്‍ന്നിട്ടുള്ളതു പോലെയാണത്... സ്കൂള്‍ പുസ്തകമൊക്കെ നനഞ്ഞാലൊന്നും അദ്ധ്യാപകര്‍ വഴക്കു പറയാറില്ല... കാരണം അവരിലേറേ പേരും അവിടെ വന്ന് വീണിട്ട് നാട്ടുകാരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണു...
ഒരിക്കല്‍ എന്റെ ബാപ്പ മുന്‍പിലും നാട്ടിലെ മൊത്തം ആളുകളില്‍ പകുതിമുക്കാല്‍ പേര്‍ ചുറ്റിലും പിന്നിലുമൊക്കെയായി കടപ്പുറത്ത് നിന്ന് ജാഥയായി അങ്ങാടിയിലേയ്ക്ക് നടക്കുകയാണു...
ഭീകരമായ ഒരാക്രമണ സാധ്യത കണക്കിലെടുത്ത് അതു കണ്ട് വന്ന ചിലര്‍ വേലിത്തറികളും ഓലമടലുമൊക്കെ ആയുധമാക്കി എടുക്കാന്‍ തുടങ്ങി...
സാധാരണ ഗതിയില്‍ അങ്ങനെ വലുതും നീണ്ടതുമായ ജാഥ ഉണ്ടാകുന്നത് ആരെങ്കിലും മരിച്ചാലാണു. മയ്യിത്ത് കൊണ്ടു വരുന്ന നേരത്ത്... അത് പക്ഷെ അവിടെന്ന് ഇങ്ങോട്ടാണു... കാരണം പള്ളിയും സ്മശാനവും ഈ ഭാഗത്താണു.
മറ്റൊരു സാധ്യത പേപ്പട്ടിയെ കൊല്ലാനാണു. പേപ്പട്ടി അങ്ങാടിയില്‍ വരാറില്ലാത്തതിനാല്‍ അതിനുമല്ല...
ആളുകള്‍ മരപ്പാലത്തില്‍നിന്ന് വീണിട്ടും ആവേശത്തോടെയാണു പ്രകടനത്തില്‍ പങ്കെടുക്കുന്നത്...
ഞാന്‍ ഈ സമയത്ത് താനൂരില്‍ ഹോസ്റ്റലില്‍ ചേര്‍ന്ന് പടിക്കുകയായിരുന്നതിനാല്‍ പിന്നീട് കേട്ടറിഞ്ഞതാണു... (ഇത് ബാപ്പ തന്നെ വന്ന് പറഞ്ഞത്!)
ചുരുക്കത്തില്‍ പോസ്റ്റ്മാന്‍ ദിവാകരനെ തിരഞ്ഞാണു ഈ പ്രകടനക്കാര്‍ നടക്കുന്നതെന്ന് പലര്‍ക്കും മനസ്സിലായി...
ദിവാകരെനെ കണ്ടാല്‍ തല്ലിക്കൊല്ലാനാണു പരിപാടിയെന്ന് ഏതാണ്ടെല്ലാര്‍ക്കും ഉറപ്പായി... ആളുകള്‍ക്കപ്പോള്‍ കൂടുതല്‍ ആവേശമായി... ആദ്യമായിട്ടാണവരൊക്കെ ഒരാളെ കൊല്ലാന്‍ പോകുന്നതും കൊല്ലുന്നതു കാണുന്നതുമൊക്കെ...അതിന്റെ ആഹ്ലാദത്തിലാണു...
ദിവാകരന്‍ അല്‍പം മുന്‍പ് വടക്കേലെ മൂത്താപ്പയുമായി എന്റെവീട്ടിലേക്കു പോകുന്നത് കണ്ടവരുണ്ട്.... അപ്പോ ഉമ്മയോട് എന്റെങ്കിലും അനാവശ്യം പറഞ്ഞുകാണുമെന്നായി ചിലര്‍...
ഈ വിവരം എങ്ങനെയൊക്കെയോ ദിവാകരനുമറിഞ്ഞു...
എന്റെ മറ്റൊരു മൂത്താപ്പയുടെ മകനോട് കരഞ്ഞുകൊണ്ട് അവന്‍ ഇങ്ങനെ പറഞ്ഞു..

''റബ്ബിനെ തന്നെ മജീദെ, ഞാനൊന്നും പറഞ്ഞില്ല... ഒരു കമ്പിയുണ്ടെന്ന് മാത്രമെ പറഞ്ഞുള്ളു. ആ ഉമ്മ ചോദിച്ചപ്പോള്‍ ഇതങ്ങനെ കൊടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞു... പിന്നെ എന്റെ കൂടെ നിങ്ങടെ കുഞ്ഞോന്‍ മാപ്പിള ഉണ്ടായിരുന്നു... മൂപ്പരാണു തലയില്‍ കൈവച്ച് കരഞ്ഞത്... കമ്പിയാണെന്നു കേട്ടിട്ട്... എന്നിട്ട് മൂപ്പരു പറയുകയും ചെയ്തു... ദുബായിലെ ആരോമരിച്ച വിവരമാണാ കമ്പിയിലെന്നും... ഞാനൊന്നും പറഞ്ഞില്ല....'
ഇപ്പോ കുറ്റം എനിക്കായോ..? ''
എന്ന് പറഞ്ഞിട്ട് ആടെലഗ്രാം മജീദിക്കാക്ക്കൊടുത്തിട്ട് ഒപ്പ് വാങ്ങിയിട്ട് ദിവാകരന്‍ വേഗം വിട്ടു.
അപ്പോഴേക്കും ജാഥ അങ്ങാടിയിലെത്തിയിരുന്നു.
പലരും കടയടക്കാന്‍ തുടങ്ങി...
ഖാജ അപ്പോള്‍ കെട്ടുകളൊക്കെ എടുത്ത് അഴിക്കാന്‍ തുടങ്ങുകയാണു..
ഈ ആളുകള്‍ക്കിടയിലേക്ക് മടിച് , ഭയന്ന് വിറച്ച് മജീദ്ക്കാക്ക ചെന്നു. എന്നിട്ട് പറഞ്ഞു ദിവാകരന്‍ തന്നതാണു... അതിന്‍ ചിലപ്പോള്‍ അടികിട്ടുമെന്ന് മജീദ് കാക്ക പ്രതീക്ഷിച്ചതായിരുന്നു.
''ഇതില്‍ എന്താ എഴുതിയിരിക്കുന്നത്...?''
ഭയന്ന് നിന്ന മജീദ്ക്കാക്ക കരഞ്ഞു... കാരണം പോസ്റ്റ് മാനോട് അത് ചോദിക്കാന്‍ മജീദും അതിലെ വിവരം പറയാന്‍ പോസ്റ്റ്മാനും മറന്നു പോയിരുന്നു..
ദുബായില്‍ മരിച്ചയാള്‍ മജീദിന്റേയും കുടുമ്പമാണല്ലൊ...അതിനാലായിരിക്കും അയാള്‍ കരയുന്നതെന്ന് ചിലര്‍ മനസ്സിലാക്കി.
'' ഇത് ഇംഗ്ലീഷാണല്ലൊ...!!''
നാട്ടില്‍ കത്തും മറ്റുമൊക്കെ വായിക്കുന്ന ''പത്രമ്മുണുങ്ങി'' പറഞ്ഞു...
''കാസിം....എന്നുണ്ട്.... പിന്നെ....!!''
ഒന്നും മനസ്സിലാകുന്നില്ല...
''ഖാജയോട് ചോദിക്കാം....''

ആരോ പറഞ്ഞു....
എല്ലാരും പിന്നെ ഖാജയിലേക്കായി...ഖാജ പക്ഷെ നിസ്സംഗനായിരുന്നു.
ബാപ്പ കയ്യിലെ റ്റെലഗ്രാം ഖാജയ്ക്ക് നേരെ നീട്ടി...
ഖാജ അതു വായിച്ചിട്ട് കുറേ ചിരിച്ചു... എന്നിട്ട് പതുക്കെ ബാപ്പയുടെ ചുമലില്‍ കൈവച്ച് പറഞ്ഞു...'
''മോന്‍..!''
'' താനൂര്‍ സ്കൂളില്‍ എന്തോ..വികൃതി ഒപ്പിച്ചിട്ടുണ്ട്... അതിനാല്‍ സസ്പെന്റ് ചെയ്തെന്നു പറഞ്ഞ് ഹെഡ്മാസ്റ്റര്‍ അയച്ചതാ...''
ആളുകളൊക്കെ പതുക്കെ യാണു ചിരിച്ചതെങ്കിലും ബാപ്പായ്ക്ക് അത് ശരിക്കും പൊള്ളി....
മഴക്കാലമായിരുന്നു.
പിടിവളഞ്ഞ കുടകൊണ്ട് എനിക്കിട്ടൊന്ന് തന്നിട്ടാണു പിന്നെ ക്ഷമപാലിച്ചത്... ആ കുട വളഞ്ഞത് നേരെയാക്കാന്‍ ശ്രമിക്കുന്നത് പിന്നെ ഞാന്‍ കണ്ടു. മാഷന്മാര്‍ അതോടെ തീരുമാനിച്ചു... ഇനി റ്റെലഗ്രാം അയ്ക്കേണ്ട എന്ന്..

No comments:

Post a Comment

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍