17 June 2009

ഖാജാ ബഹാര്‍ അബ്ബാസ്

സ്വയമെന്നപോലെ മറ്റുള്ളവരും തന്നെ പറ്റി ഒന്നും പറയാനിഷ്ടപ്പെടാത്തൊരാള്‍...
ഏതു നാട്ടുകാരന്‍...എവിടെനിന്നു വന്നു എന്നത് പോലെ ദുരൂഹമാണെല്ലാം... എവിടേയ്ക്ക് പോയ് മറഞ്ഞു....ഇപ്പോഴുമുണ്ടോ എന്നതടക്കം...
എന്റെ ബാപ്പയുമായി വലിയടുപ്പമായിരുന്നു ഖാജയ്ക്ക്...
ശബരിമല സീസണില്‍ അയ്യപ്പഭക്തന്മാര്‍ ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളായിരുന്നു ഖാജയുടെയും .മുട്ടോളം നീണ്ടജുബ്ബയും കാലിന്റെ നെരിയാണിവരെമാത്രം ഇറക്കി ഉടുത്തിരുന്ന മുണ്ടും....കറുത്ത ഒരു വോയില്‍ ചുമലിലും...
മധ്യത്തില്‍ രണ്ടായി പകുത്ത് ചീകിയൊതുക്കിയ കഴുത്തോളം നീണ്ട അല്‍പം മാത്രം കറുപ്പുള്ള തലമുടിയും മുങ്കഴുത്ത് മറഞ്ഞു നില്‍ക്കുന്ന നീണ്ട് വെളുത്ത താടിയും....
ആരുകണ്ടാലും കൗതുകത്തോടെ നോക്കിപ്പോകുന്ന എന്തോക്കെയോ പ്രത്യേകതയുള്ളൊരാള്‍...
വൈകുന്നേരമായാല്‍ അങ്ങാടിയില്‍ എന്നും പൂട്ടിക്കിടക്കുന്ന കുഞ്ഞമ്മദ്ക്കയുടെ ചായക്കടയുടെ മുന്‍ഭാഗത്തെ ഒഴിഞ്ഞ മുറ്റത്ത് കറുത്ത ഒരുപുതപ്പ് വിരിച്ച് അതിലിരുന്ന് വെത്തില മുറുക്കാന്‍ വില്‍ക്കലാണു മുഖ്യതൊഴില്‍...
എന്തൊക്കെയൊ പച്ചമരുന്നുകളുടെ കൂട്ടായതിനാല്‍ നീര്‍വീഴ്ച്ചക്ക് ഈ മുറുക്കാന്‍ സിദ്ധൗഷധമത്രെ...!!
മാജിക്ക്കാരന്റെ മാന്ത്രികവിദ്യകള്‍ കാണാന്‍ ചുറ്റും തടിച്ചു കൂടുന്നതു പോലെയാണു ഖാജയുടെ മുറുക്കാന്‍ വ്യാപാരത്തിനു ചുറ്റും ആളുകള്‍ കൂടിയിരുന്നത്....
കാശിനു വേണ്ടി തര്‍ക്കിക്കുകയോ വിലപേശലോ ഇല്ലാത്തതിനാല്‍ സംസാരം വളരെ കുറവായിരുന്നു..ഖാജായ്ക്ക്...
ഒരിക്കല്‍ ആരൊ പറഞ്ഞ് കേട്ട് വന്ന പോലീസ് കമ്പിളിയിലെ സകല സാധനങ്ങളും വലിച്ചെടുത്തെറിഞ്ഞ് ഖാജയെ പിടിച്ച് വണ്ടിയില്‍ കയറ്റി.... അന്ന് ആ നാട്ടിലെ എല്ലാ ജനങ്ങളും പോലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി..
മാറില്ലെന്നുറപ്പായപ്പോഴാണു ഖാജയെ ഇറക്കി വിട്ടത്... ഖാജ മൂകമായി നാട്ടിലെ ഹീറൊ ആകുകയായിരുന്നു...
രാത്രി എല്ലാരും പോയാല്‍ എല്ലാം കെട്ടിപ്പെറുക്കിവയ്ക്കും... എപ്പോഴും പുറപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്ന ഒരു യാത്രക്കാരനെപോലെ.. ആരും ചോദിച്ചില്ല ഖാജയെക്കുറിച്ച്.... ഖാജ ഒന്നും പറയാറുമില്ല...
എല്ലാ നമസ്കാരംസമയത്തും കൃത്യമായി പള്ളിയിലെത്തിയിരുന്ന ഖാജ നാടിന്റെ ഭാഗമായ സാധാരണത്വത്തിലേയ്ക്ക് അല്ലെങ്കില്‍ പരിചിത്വത്തിലേയ്ക്ക് മാറിക്കഴിഞ്ഞ്കൊണ്ടിരിക്കെ....
ഒരു മധ്യാഹ്നനമസ്കാരാനന്തരം ഒരു ആള്‍ക്കൂട്ടം കണ്ടു, പക്ഷെ അങ്ങോട്ട് നോക്കാതെ തന്റെ പണിയില്‍ വ്യാപൃതനാകാന്‍ തുടങ്ങുമ്പോഴാണത് ശ്രദ്ധിച്ചത്...
ഒരു സായിപ്പും...ഒരു മദാമ്മയും...ആ ആളുകള്‍ക്കിടയില്‍...
സായിപ്പ് ക്യാമറ ശരിയാക്കുകയാണു....
എന്നിട്ട് ഖാജയുടെ നേരെ വന്ന് രണ്ട് മൂന്ന് ഫോട്ടോകള്‍ എടുത്തു... വളരെ നിസ്സംഗനായി അത് ശ്രദ്ധിക്കാതെ ഖാജ തന്റെ പണിതുടര്‍ന്നു...
പിന്നീട് അത് വഴി ഒരു ചെറിയ തലച്ചുമടു മായി വന്ന കൂനന്‍ കുട്ടന്‍ വന്നത് കണ്ട് മദാമ്മ സായിപ്പിനു ആ കൂനിന്റെ ഫോട്ടോ എടുക്കാന്‍ കാതില്‍ പറഞ്ഞു...
അപ്പോള്‍ ഖാജ പതിയെ എഴുന്നേറ്റു.. ഒരുപ്രാവശ്യം ക്യാമറയുടെ മിന്നലേറ്റ് കണ്ണമഞ്ഞളിച്ച കുട്ടന്‍ വെളുക്കെ ചിരിച്ച് നിന്നുപോയി. മദാമ്മ അവന്റെ അരികെ ചെന്ന് രണ്ടാമ്മതും ഫോട്ടൊ എടുക്കാന്‍ ആവശ്യപ്പെട്ടു.
നോ...!! അതൊരലറലായിയിരുന്നു....!!!
സായിപ്പ് അത്ഭുതത്തോടെ ഖാജയെ നോക്കി....
കുട്ടനെ രൂക്ഷമായി നോക്കിയിട്ട് കൈനീട്ടി ഒരു ചൂണ്ടലാണു....കടന്നു പോകാന്‍...
അപ്പോള്‍ ആ മദാമ്മ ഖാജയെ മോശമാക്കുന്നതരത്തിലെന്തോ പറഞ്ഞ് ചിരിച്ചപ്പോള്‍...ഖാജയുടെ നിയന്ത്രണം വിട്ടുപോയി...
അന്ന് അപ്പൊ ആര്‍ക്കുമത് മനസ്സിലായില്ല... പക്ഷെ സായിപ്പിന്റെ ക്യാമറ തുറന്ന് അതിനകത്തെ കറുത്ത ഫിലിം റോള്‍ സൂര്യവെളിച്ചം കാണിച്ച് സോറി പറഞ്ഞിട്ടാണു അവര്‍ പോയത്..!!
ഒന്നും മനസ്സിലാകാതെ ആളുകള്‍, തിരികെ പാക്ക് മുറിച്ചുകൊണ്ടിരിക്കുന്ന ഖാജയെ നോക്കി നിന്നുപോയി....
ഒരാള്‍ ചോദിച്ചു....കാരണം...
കുറേ നേരം മൗനമായിരുന്നശേഷം എഴുന്നേറ്റ് തിരിച്ചൊരു ചോദ്യം.... അന്ന് പോലീസ് വണ്ടി നിങ്ങളൊക്കെകൂടി തടയാനുള്ള കാരണമെന്താ...?
അതിനുള്ള പ്രത്യുപകാരമായി കണ്ടോളൂ....
അവര്‍ നിങ്ങളുടെ ഫോട്ടോ എടുത്ത് അവിടെ കാണിച്ച് നമ്മുടെ നാട്ടിന്റെ മൊത്തം അവസ്ഥയാണിതെന്ന് പറഞ്ഞ് പരിഹസിക്കാനാണീ ഫോട്ടോഎടുക്കുന്നത്....
കൂനന്‍ കുട്ടന്‍ നിങ്ങളുടെ ഗോത്ര (കൂട്ടത്തിന്റെ) നേതാവാക്കാമെന്നാണു അവര്‍ പറഞ്ഞത്..!!

പക്ഷെ ജനങ്ങള്‍ക്ക് അതൊന്നുമായിരുന്നില്ല അറിയേണ്ടത്...അല്ലെങ്കില്‍ അപ്പറഞ്ഞത് മനസ്സിലായില്ല....
അവര്‍ക്ക് അറിയേണ്ടതും മനസ്സിലാക്കേണ്ടതും ഖാജ ആരാണെന്നാ...ഈ അന്യഭാഷ പറയാന്‍ മാത്രം കഴിവുള്ളഒരാള്‍ എങ്ങനെ ഇങ്ങനെയായിട്ടിവിടെ എത്തിയെന്നതാണു...

1 comment:

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍