09 March 2010

സിനിമയ്ക്ക് വേണ്ടി

പ്രേമിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് അവളുടെ കയ്യും പിടിച്ച് സ്വന്തം കുടുമ്പത്തിലേയ്ക്ക് ചെല്ലുന്നതിനേക്കാള്‍ വലിയ ആപത്താണു ഒരു സിനിമകണ്ടതിനു ശേഷം എന്റെ വീട്ടിലേയ്ക്ക് എത്തിപ്പെടുകായെന്നുള്ളത്...
സിനിമയ്ക്കു വേണ്ടി അത്രയ്ക്കും കഷ്ടപ്പാടും ത്യാഗവും സഹിച്ച ഒരു സത്യനും സത്യനന്തിക്കാടുമുണ്ടാകില്ല...
പാതിരായ്ക്ക് മുണ്ടുരിഞ്ഞ് വീട്ടിനകത്തെ കോണിപ്പടിയില്‍ കൈകള്‍ കെട്ടി നഗ്നനാക്കിയിട്ടായിരുന്നു, ഉമ്മ കഷ്ടപ്പെട്ടുണ്ടാക്കിയ ചൂല്‍ ചൂരലാക്കി തമര്‍ത്തി*യിരുന്നത്.
കൂട്ടിനു ഏട്ടന്‍ എപ്പോഴുമുണ്ടാകും...നാലുകൈകള്‍ ഒന്നിച്ച് കെട്ടിയാലെ ബാപ്പ ഫോമിലെത്തൂ...
പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചിട്ടാണു ഞങ്ങളെ നഗ്നനിര്‍ത്തം ചെയ്യിച്ചിരുന്നത്...ഒരു ലാത്തിയുടെ വണ്ണത്തിലുള്ള ഈര്‍ക്കിലികള്‍ ഒന്നിച്ചെടൂത്താലെ ബാപ്പയ്ക്ക് വടിയുടെ എഫ്ഫക്റ്റ് കിട്ടൂ...അടി എന്റെ മധ്യസ്ഥാനത്തേയ്ക്കെത്തുമ്പോഴേയ്ക്കും കരച്ചിലിന്റെ ഹിന്ദുസ്ഥാനി രാഗം ഉച്ചസ്ഥാനിയിലെത്തും.
എന്റെ കരച്ചില്‍ ആഗോളടിസ്ഥാനത്തില്‍ മുഴങ്ങുമ്പോള്‍ അടിയുടെ വേഗതയേറും..
എന്റെ അലര്‍ച്ച തികച്ചും ബോധപ്പൂര്‍വ്വമായിരുന്നു... വടക്കെ വീട്ടിലെ കുഞ്ഞോന്‍ മൂത്താപ്പയുടെ വളരെ സെന്‍സിറ്റീവിറ്റിയുള്ള കാതുകളില്‍ എത്തിക്കുക...എന്ന വളരെ പ്രയാസകരമായ ശ്രമം...
'' ഹള്ളോ.... എന്നെ അടിച്ചു കൊല്ലുന്നേ!!'' എന്ന അത്യുച്ചത്തിലുള്ള ഒരു അലറല്‍...അപ്പോഴേയ്ക്കും ബാപ്പയുടെ ഒടുക്കത്തെ അടി തുടങ്ങിയിട്ടുണ്ടാകും!!
പിന്നെ വാ പൊത്തിപ്പിടിച്ചിട്ടുള്ള നഗ്നനൃത്തം....
പെട്ടെന്നെന്തൊ അലര്‍ച്ച !!...
എന്നെ കൊല്ലുന്നേയെന്ന്.!!.
പിന്നെ നിശ്ശമ്പ്ദം...
.
മൂത്താപ്പയ്ക്ക് സംശയം..."" ഹെന്താ ഹെന്താ കേട്ടത്..??!!"
''ം ന്‍ഹഗാ... അത് സൈതുക്കാഹ അവുരെ തമര്‍ത്തണതാ...ഇങ്ങ കെടന്നൊ!!''
മൂത്തുമ്മായ്ക്ക് ഞങ്ങളെ തല്ലുന്നത് കാണാന്‍ വല്യ ഇഷ്ടമാ...
ഒരാള്‍ മറ്റേയാളെ അടിച്ചിട്ടോടി ഒളിക്കുന്നത് അവരുടെ ഇരുട്ടുള്ള മണ്ടാത്താണ്*..!!
അവിടെ കട്ടിലിന്നടിയില്‍ അടുക്കിവെച്ചിട്ടുള്ള സകലമാന പിഞ്ഞാണങ്ങളും തച്ചുടച്ചിട്ടേ ഞങ്ങള്‍ വിജയം പ്രഖ്യാപിക്കൂ.... അതില്‍ മൂത്തുമ്മയുടെ ഒരുപാടു പരാതികള്‍ കെട്ടിക്കിടക്കുകയാണു...
തെക്കെ വാതിലിനു തുടര്‍ച്ചയായി മുട്ടുമ്പോള്‍ ഉമ്മാ ബാപ്പയെ നോക്കും.... 'തുറക്കണ്ട'- എന്ന് ബാപ്പയുടെ ആക്രോശം...
''മറിയോണ്ടീ*... ഡോ മറിയോണ്ടീ....!!''
പുറത്തുള്ള വിളി ഉമ്മായ്ക്ക് ബഹുമാനപ്പെട്ട ആളിന്റേയായതിനാല്‍,... ബാപ്പയ്ക്ക് സമപ്രായക്കാരനായതിനാല്‍, പിന്നെ വാതില്‍ തുറക്കലായി ..അതോടെ കെട്ട് അഴിയലായി....
പിന്നെ കിടന്നുറങ്ങാന്‍ ഭയങ്കര സന്തോഷമാ....!!
ആരേയും പേടിക്കേണ്ടല്ലൊ....!!
പക്ഷെ ഉറങ്ങി എഴുന്നേറ്റ് മദ്രസ്സയില്‍ എത്തുന്നതു വരേയുള്ളു ആ സമാധാനവും സന്തോഷവും...
വല്യാമൊയില്യാര്‍* അടിയുടെ ഉസ്താദാ...
സിനിമകണ്ടോരെ വിളിച്ച് മേശപ്പുറത്ത് കൈവെപ്പിച്ച് (ചോദിക്കും ഏതു കൈയാ വെക്കാനിഷ്ടമെന്ന്.... !!)പിന്നെ പുറം കൈക്ക് മരസ്കെയില്‍ തിരിച്ചു പിടിച്ചിട്ട് എണ്ണാന്‍ തുടങ്ങും...തികച്ചും ശരീഅത്ത് നിയമാനുസൃതമുള്ള കണക്കുകള്‍ നാല്‍പതടി...
കയ്യില്‍ കാശുണ്ടെങ്കില്‍ അടിയുടെ എണ്ണം കുറയും... സിനിമ കാശില്ലെങ്കിലും കാണാന്‍ കഴിയുമായിരുന്നു...
സെയ്തെളാപ്പ...എന്റെ ബന്ധുവാണു... തിയ്യേര്‍റ്റര്‍ കാര്‍ക്ക് ശിങ്കിടികളായി ടിക്കറ്റ് വില്‍ക്കാനും ടിക്കറ്റ് മുറിക്കാനും നാട്ടുകാരില്‍ കുറേ ആളുകള്‍ കൂടിയിട്ടുണ്ട്... അവരിലൊരാളാണു സെയ്തെളാപ്പ!
വെള്ളിയാഴ്ച്ചയൊന്നും മൂപ്പര്‍ മൈന്റ് ചെയ്യില്ല... അന്ന് വലിയ തിരക്കായിരിക്കും.. സിനിമ മാറുന്ന ദിവസമല്ലേ..!! ബാപ്പ പലവട്ടം മൂപ്പരോടു പറഞ്ഞിട്ടുണ്ട്... എന്നെ ചീത്തയാക്കുന്നത് മൂപ്പരാണെന്ന്...
പക്ഷെ എന്റെ വിഷമിച്ചുകൊണ്ടുള്ള നിര്‍ത്തം പുള്ളിയിലെ സിനിമാ പ്രേമിയെ വ്യസനത്തിലാക്കും....അങ്ങനെ കാശില്ലാതെ സിനിമ കണാമായിരുന്നുവെങ്കിലും മദ്രസ്സയിലെ അടിയൊഴിവാക്കാന്‍ കശു അത്യാവശ്യമായിരുന്നു... അതിന്ന് വേണ്ടി മോഷ്ടിക്കാന്‍ പൊലും തുനിഞ്ഞിട്ടുണ്ട്..
സിനിമ ഹാളിനത്തു പോലും സി ഐ ഡി മാരുണ്ട് ഉസ്റ്റ്താദിന്നു... അവര്‍ സാക്ഷികളല്ല ..സിനിമ കണ്ടവരാണെന്ന് പറഞ്ഞാല്‍ ആരോക്കെ അകത്തുണ്ടെന്ന് നോക്കാന്‍ കയറിയതാണെന്ന് നുണ പറഞ്ഞ് രക്ഷപെടും...
എന്തൊരു കഷ്ടപ്പെട്ട കാലം...!!
അങ്ങനെ കൈക്കൂലി എന്തെന്ന് അറിയുന്നതിന്നു മുന്‍പേ കൈക്കൂലി കൊടുത്ത് വളര്‍ന്നവനാണു ഞാന്‍!!

>>>>>>>>>>>>>>>>>>>>>>>>>>>>>>
* തകര്‍ത്തിരുന്നത്
മറയുടെ അകം മണ്ടായം.. ഓലവീടുകളിലെ ബെഡ് റൂം
മറിയോണ്ടി - മറിയുമ്മക്കുട്ടി
വലിയ മുഹമ്മദ് മുസ്ല്യാര്‍

2 comments:

  1. അടി കൊണ്ടതുകൊണ്ടല്ലേ..ഇതൊക്കെ എഴുതാന്‍ കഴിയുന്നത്..ഹ് ഹ് ഹ്    കൊള്ളാം..കാസിമിക്കാ.!

    ReplyDelete
  2. ഈ അടിയുടെ കഥ മുൻപൊരിക്കൽ 'വാക്ക്' ൽ എഴുതിയിരുന്നല്ലോ. പക്ഷേ അതിൽ വില്ലൻ സിനിമയായിരുന്നെന്ന് ഇപ്പോഴാ അറിഞ്ഞത്.

    ReplyDelete

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍